
തിരുവനന്തപുരം: വർഷങ്ങൾ പിന്നിട്ടിട്ടും ദുരൂഹതകൾ ബാക്കിനിൽക്കുന്ന കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ കൊലപാതകക്കേസിൽ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. 2017 ഏപ്രിൽ രണ്ടിന് കൊല്ലപ്പെട്ട ജയമാധവൻ നായരുടെ മരണത്തിൽ മൂന്ന് പേർക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ കാര്യസ്ഥൻ രവീന്ദ്രൻ നായരെ കൂടാതെ സാജു, അനിൽകുമാർ എന്നിവരും പ്രതികളാണെന്നാണ് വിവരം.
കരമന കോവിൽവിളാകം സ്വദേശിയായ രവീന്ദ്രൻ നായരെ കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജഗതി കണ്ണേറ്റുമുക്ക് സ്വദേശിയായ സാജുവും കരമന സ്വദേശിയായ അനിൽകുമാറും കൊലപാതകത്തിന് സഹായം നൽകിയെന്നാണ് സംശയം. എന്നാൽ അനിൽകുമാർ മൂന്ന് വർഷം മുൻപ് മരിച്ചിരുന്നു. രവീന്ദ്രന്റെ അടുത്ത സഹായിയായ സാജു വിദേശത്താണെന്നും ഇയാളെ പിടികൂടാനുള്ള നടപടികൾ തുടരുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ജയമാധവൻ നായരുടെ മരണം എങ്ങനെയായിരുന്നു എന്നതിലും അന്വേഷണസംഘത്തിന് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. തലയ്ക്കടിച്ചാണോ അതോ തള്ളിയിട്ടാണോ കൊലപാതകം നടത്തിയതെന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പ്രതികളുടെ പങ്കും ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ കണ്ടെത്താനാണ് നീക്കം.
വീട്ടുജോലിക്കാരിയുടെ പങ്കും പരിശോധിക്കുന്നു
കൊലപാതകത്തിന് പിന്നാലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജയമാധവൻ നായരുടെ കട്ടിലിൽനിന്ന് രക്തംപുരണ്ട ബെഡ്ഷീറ്റും തലയണയും വീട്ടുജോലിക്കാരി ലീല നശിപ്പിച്ചെന്നാണ് പൊലീസിന്റെ സംശയം. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനും മറ്റ് പ്രതികളുടെ പങ്ക് പരിശോധിക്കാനുമാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
അതേസമയം, കൂടത്തിൽ തറവാട്ടിലെ സ്വത്തുക്കൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് വ്യാജ വിൽപത്രവും ആധാരവും തയ്യാറാക്കിയെന്ന കേസിൽ തറവാട്ടിലെ ബന്ധുക്കൾ കക്ഷിചേർന്നിട്ടുണ്ട്.
റിമാൻഡിലുള്ള രവീന്ദ്രൻ നായരെ രണ്ട് ദിവസത്തിനകം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കൊലപാതകത്തിന്റെ സാഹചര്യങ്ങൾ, മറ്റു പ്രതികളുടെ പങ്ക്, തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം എന്നിവയിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
കർണാടകയിലെ മഡിവാളയിലുള്ള ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ രവീന്ദ്രൻ നായരെ എത്തിച്ച് ബ്രെയിൻ മാപ്പിങ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഇയാൾ ഇതുവരെ നൽകിയ മൊഴികൾ തെറ്റാണെന്ന സൂചന ലഭിച്ചതായാണ് റിപ്പോർട്ട്. മൊഴികളിലെ വൈരുധ്യങ്ങളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച് കേസിലെ ദുരൂഹതകൾ നീക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.









